spot_imgspot_imgspot_img

കേരളം വിജ്ഞാന മികവിന്റെ ആഗോള ഹബ്ബാകുന്നു: 10 മികവിന്റെ കേന്ദ്രങ്ങളുമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിപ്പ്

Date:

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളിൽ ആഗോള തലത്തിൽ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) മേൽനോട്ടത്തിൽ പത്ത് പുതിയ മികവിന്റെ കേന്ദ്രങ്ങളാണ് വിപുലമായ അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങളിലേക്കു കടക്കുന്നത്. ഗവേഷണം, നൂതന പഠനരീതികൾ, ഭാഷാവികസനം, ലിംഗസമത്വം, തദ്ദേശീയ ജനവിഭാഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവ കേരളത്തെ ആഗോള പഠന ഹബ്ബാക്കി മാറ്റുന്നതിനുള്ള സർക്കാർ കുതിപ്പിന്റെ പ്രധാന ഘടകങ്ങളാകും.

മികവിന്റെ കേന്ദ്രങ്ങളിൽ ആദ്യത്തേത് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ് ആണ്. അധ്യാപക-അനധ്യാപക പരിശീലനം, പാഠ്യപദ്ധതി രൂപകൽപന, ടെക്‌നോളജി അധിഷ്ഠിത ബോധനം എന്നിവയിൽ ഈ കേന്ദ്രം ഊന്നൽ നൽകും. ഗവേഷണത്തിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നയരൂപീകരണത്തിന് സഹായമുറപ്പാക്കുന്ന ഈ കേന്ദ്രത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (KISTI) ശാസ്ത്ര ഗവേഷണം, ട്രാൻസ്ലേഷണൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ പ്രതിഭകളെ കണ്ടെത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മികവിന്റെ കേന്ദ്രമാണ്. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ നാനോ ടെക്‌നോളജി, റോബോട്ടിക്‌സ്, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് ഊന്നൽ നൽകുന്നു. മഹാത്മാഗാന്ധി സർവകലാശാലയാണ് ഇതിന്റെ ആസ്ഥാനം.

കേരളത്തിന്റെ ചരിത്രം, സമൂഹം, സംസ്‌കാരം എന്നിവയിൽ റെസിഡൻഷ്യൽ ഗവേഷണത്തിന് പ്രാധാന്യം നൽകുന്നതാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (KIAS). ഐഐഎഎസ് മാതൃകയിൽ ഹ്യുമാനിറ്റീസിലും സാമൂഹ്യശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രത്തിന്റെ ആസ്ഥാനം മൂന്നാറാണ്. കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച്-സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ (KNRSHE) ഗവേഷണ ശൃംഖലയും ഉപകരണ പങ്കുവയ്പ്പും പ്രോത്സാഹിപ്പിക്കുന്നു. സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലാബുകളും അക്കാദമിക് കമ്പ്യൂട്ടിങ് സൗകര്യങ്ങളും നൽകുന്ന ഇത് വ്യാവസായിക-അക്കാദമിക് സഹകരണം വർധിപ്പിക്കും.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി (KIGE) കേന്ദ്രം ജെൻഡർ പഠനങ്ങൾ, ജൻഡർ പഠന കേന്ദ്രങ്ങൾ തമ്മിലുള്ള സഹകരണമൊരുക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആസ്ഥാനം ശ്രീശങ്കര സംസ്‌കൃത സർവകലാശാലയാണ്. കേരള ലാംഗ്വേജ് നെറ്റ്വർക്ക് (KLN) ഭാഷാപഠനം, വിവർത്തനം, വിദേശഭാഷാ പരിശീലനം എന്നിവയിലൂന്നി പ്രവർത്തിക്കും. മലയാളത്തെ വിജ്ഞാന ഭാഷയാക്കി വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഇൻസ്റ്റിറ്റ്യൂട്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആസ്ഥാനമായി പ്രവർത്തിക്കും.

സെന്റർ ഫോർ ഇൻഡിജനസ് പീപ്പിൾസ് എഡ്യൂക്കേഷൻ (CIPE) തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികവർഗ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത്തിനും ലക്ഷ്യമിടുന്നു. ഈ കേന്ദ്രത്തിന്റെ പ്രവർത്തനം കാലിക്കറ്റ് സർവകലാശാലയുടെ വയനാട് ആദിവാസി പഠനകേന്ദ്രവുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. കേരള നോളജ് കൺസോർഷ്യം (KKC) വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാനും അക്കാദമിക്-വ്യവസായ-സാമൂഹ്യ സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിന്റെ ആസ്ഥാനം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ്.

കേരള സെന്റർ ഫോർ അനലിറ്റിക്കൽ സർവീസസ് (KCAS) സംസ്ഥാനത്തെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് സമഗ്രമായ സാങ്കേതിക പിൻതുണയും ഗവേഷണ സഹായവും നൽകും.

ഗവേഷണത്തിനും പ്രായോഗിക ഭരണത്തിനും ഇടയിൽ പാലമായി വർത്തിച്ച് ഭരണരംഗത്ത് ഫലപ്രദമായ പൊതുനയങ്ങൾ രൂപപ്പെടുത്തുന്നതിനു സഹായകരമായി പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് പോളിസി സ്റ്റഡീസ് (KIPS) പ്രവർത്തിക്കും.

കഴിഞ്ഞ മൂന്നു വർഷം സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് ലഭിച്ച 2,718 കോടി രൂപയും കിഫ്ബി യുടെ 1,844 കോടി രൂപയ്ക്ക് 65 പ്രൊജക്റ്റുകളും റൂസ വഴി 532 കോടി രൂപയ്ക്ക് 158 പ്രൊജക്റ്റുകളും നടപ്പാക്കിയത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഗുണനിലവാര വർധനവിനും വഴിയൊരുക്കി. ഇതിനൊപ്പം, വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള ‘സ്റ്റഡി ഇൻ കേരള’ പദ്ധതി സംസ്ഥാനത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്ന നിർണായക ചുവടുവയ്പാകും.

വിദേശ വിദ്യാർത്ഥികൾക്കായി പാഠ്യപദ്ധതി പരിഷ്‌കരണം, പാർപ്പിട സൗകര്യങ്ങൾ, ഹ്രസ്വകാല കോഴ്‌സുകൾ (കലകൾ, പാരമ്പര്യ അറിവുകൾ, ടൂറിസം) എന്നിവ ഒരുക്കുകയാണ് സ്റ്റഡി ഇൻ കേരള പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം ലക്ഷ്യം വെക്കുന്ന പദ്ധതി തൊഴിലധിഷ്ഠിത കോഴ്‌സുകൾ പുനർക്രമീകരിച്ച് ബ്രാൻഡ് വാല്യൂ വർധിപ്പിക്കും. അന്താരാഷ്ട്ര സഹകരണത്തിലൂടെ കേരള വിദ്യാർത്ഥികളുടെ ആഗോള അവബോധവും വളർത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp