
തിരുവനന്തപുരം: തിരുവനന്തപുരത്ത് 43കാരൻ എക്സൈസിന്റെ പിടിയിലായി. സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവിൽപ്പന നടത്തിയ ചെറിയകൊണ്ണി സ്വദേശി രാജേഷ് (43) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വച്ചാണ് രാജേഷിനെ എക്സൈസ് സംഘം പിടികൂടിയത്.
വാഹനപരിശോധനയിൽ സഞ്ചരിച്ച വാഹനത്തിൽ നിന്നും വിദേശ മദ്യം കണ്ടെടുത്തിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡ്രൈ ഡേയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ബിയർ പിടിച്ചെടുക്കുകയും ചെയ്തു.
ആര്യനാട് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ആകെ 22 ലിറ്റർ മദ്യമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്.







