യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നടപടി അമ്പലക്കള്ളന്‍മാരെ അകത്താക്കുക: കെ.സി വേണുഗോപാല്‍; കേരള സര്‍ക്കാരിന് ആമയുടെ സ്വഭാവം

0
41

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത്രമാത്രം വിരുദ്ധ വികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ പ്രവര്‍ത്തന ഫലമായി ജനങ്ങളെല്ലാം ബുദ്ധിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടും തെരഞ്ഞെടുപ്പ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാത്ത നാടായി നമ്മുടെ നാട് മാറി. ഇത് അപകടകരമായ സാഹചര്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുത്ത് കാസര്‍കോട് കുമ്പളയില്‍ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. സെമി ഫൈനല്‍ വളരെ വിജയകരമായി പൂര്‍ത്തീകരിച്ചു. ഫൈനല്‍ മത്സരത്തില്‍ എതിരാളികളുടെ ആയുധം നിഷ്പ്രഭമാക്കി വിജയിക്കാന്‍ അന്തരീക്ഷം പാകപ്പെട്ടു കഴിഞ്ഞു. കേരളത്തിലെ സര്‍ക്കാരിന് ആമയുടെ സ്വഭാവമാണെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു. ആവശ്യമുള്ളപ്പോള്‍ തല ഉള്ളിലിടും ആവശ്യമില്ലാത്തപ്പോള്‍ തല പുറത്തിടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇനി അധികാരത്തില്‍ വരാന്‍ പോകുന്നത് യുഡിഎഫ് സര്‍ക്കാരാണ്. കേസ് എത്ര നീട്ടിയാലും അമ്പലക്കള്ളന്മാരുടെ അകത്താക്കിയായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനടപടി. രക്ഷപ്പെട്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ മോഹം മനസ്സില്‍ വെച്ചാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സിപിഐഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പുകഴ്ത്താനും കെ.സി മറന്നില്ല. കുഞ്ഞികൃഷ്ണന്‍ നട്ടെല്ല് വളയാത്ത കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐഎം രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് യുഡിഎഫിനാണ് ലഭിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന യാത്രയെ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. യുഡിഎഫ് ജാഥയ്ക്ക് മുന്നില്‍ പോയ ജാഥയ്ക്ക് ആളില്ലെന്നും ആകെ കണ്ടത് കുറച്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണെന്നും അതൊക്കെ കണ്ടാല്‍ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here