ജനുവരിയില്‍ മാത്രം നാലരലക്ഷം യാത്രക്കാര്‍; പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം വിമാനത്താവളം

0
83

തിരുവനന്തപുരം: പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026-ല്‍ പുതുവര്‍ഷം പിറന്ന ശേഷം ജനുവരിയില്‍ മാത്രം നാലരലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. ജനുവരിയില്‍ 4,50,090 പേര്‍ വിമാനത്താവളം വഴി യാത്ര ചെയ്തതായാണ് കണക്ക്. പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 15,000 കടക്കുകയും ചെയ്തു.യ

ജനുവരിയില്‍ നാലരലക്ഷത്തില്‍ ഭൂരിഭാഗവും വിദേശ അന്താരാഷ്ട്ര യാത്രക്കാരാണ്. 2,27,275 പേര്‍ വിദേശയാത്ര നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതും സര്‍വകാല റെക്കോര്‍ഡാണ്. 2,22,815 ആഭ്യന്തര യാത്രക്കാരും വിമാനത്താവളം ഉപയോഗിച്ചു. ജനുവരിയില്‍ വിമാനത്താവളത്തിലെ ആകെ എടിഎം അഥവാ എയര്‍ ട്രാഫിക് മൂവ്‌മെന്റ് 2,751 ആണ്. വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആകെ 40 ലക്ഷം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയത്. 2024ല്‍ ഇത് 48.9 ലക്ഷമായിരുന്നു. റീകാര്‍പെറ്റിങ് പ്രവൃത്തികള്‍ക്കായി റണ്‍വേ അടച്ചിട്ടതും ഏറ്റവും കൂടുതല്‍ തിരക്കേറിയ യാത്രാ സീസണായ ഡിസംബറില്‍ ഇന്‍ഡിഗോ ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയതും ഇതേതുടര്‍ന്ന് ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിച്ചതുമാണ് 2025-ല്‍ യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണം.

2025ല്‍ ഡിസംബര്‍ 30നാണ് വിമാനത്താവളം ഏറ്റവും കൂടുതല്‍ വിമാനങ്ങളെ കൈകാര്യം ചെയ്തത്. 97 വിമാനങ്ങളും 16,133 യാത്രക്കാരും എന്നതാണ് ഈ കണക്ക്. ഓഗസ്റ്റ് മാസം 2.25 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്തു. പുതിയ റൂട്ടുകളും പ്രഖ്യാപിച്ചും സര്‍വീസുകളുടെ എണ്ണം കൂട്ടിയും തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര സര്‍വീസുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here