ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ച; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍

0
44

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ കനത്തതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. സംഘര്‍ഷം ഏറ്റവും രൂക്ഷമായി ബാധിച്ച ഉഖ്രുല്‍ ജില്ലയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടതോടെ ഗ്രാമവാസികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇന്നലെ ലാറ്റിന്‍ ബസാറിര്‍ ഇരുപതോളം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കുക്കി സംഘടനകള്‍ തീയിട്ടിരുന്നു. കുക്കി ഗോത്രവര്‍ഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ തങ്ഖുല്‍ നാഗ ഗ്രാമവാസിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷം അതിരുവിട്ടതോടെ ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. അഞ്ചുദിവസത്തേക്കാണ് ഇന്റര്‍നെറ്റ് വിലക്ക്. മൊബൈല്‍ ഡാറ്റ, ബ്രോഡ്ബാന്‍ഡ്, വിപിഎന്‍, വിസാറ്റ് സേവനങ്ങള്‍ വിലക്കില്‍ ഉള്‍പെടും. സംഘര്‍ഷാവസ്ഥ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സമൂഹമാധ്യങ്ങള്‍ ദുരുപയോഗിക്കുന്നത് തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പൊതുജനങ്ങളുടെ വികാരം ഉണര്‍ത്തുന്ന ചിത്രങ്ങള്‍, പോസ്റ്റുകള്‍, വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിച്ചേക്കാമെന്നും ആശങ്കയുണ്ട്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ച്ച പിന്നിടുന്ന ഘട്ടത്തിലാണ് വീണ്ടും സംഘര്‍ഷം എന്നതും ശ്രദ്ധേയമാണ്. കുക്കി-നാഗാ വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷത്തിലേര്‍പെടുന്നത്. കുക്കി എംഎല്‍എമാര്‍ പുതിയ സര്‍ക്കാരിന്റെ ഭാഗമായതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. പുതിയ സര്‍ക്കാരില്‍ നിന്ന് ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി അംഗങ്ങള്‍ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി നെംച കിപ്ജെന്‍ സ്ഥാനമേറ്റത്തില്‍ വ്യാപക എതിര്‍പ്പാണ് കുക്കി സംഘടനകള്‍ അറിയിച്ചത്.

രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഈ മാസം നാലിനാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗാണ് മുഖ്യമന്ത്രി. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്ജെന്‍, നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here