പൊതുപണിമുടക്ക് ആരംഭിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍; ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളം പോകും

0
135

 

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി തുടങ്ങി വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യാഴാഴ്ചത്തെ ശമ്പളം ലഭിക്കില്ല. പരീക്ഷ, പ്രസവ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയ ഒഴിച്ചു കൂടാനാകാത്ത കാരണങ്ങള്‍ ഉള്ളവര്‍ക്കു മാ ത്രമേ അവധി അനുവദിക്കാവൂവെന്ന് വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കു ഹാജരാകാന്‍ പൊതു ഗതാഗതസൗകര്യം ഒരുക്കണമെന്ന് കലക്ടര്‍മാര്‍ക്കും കെഎസ്ആര്‍ടിസിക്കും നിര്‍ദേശം നല്‍കി. പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്കു സുരക്ഷ ഒരുക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍
ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പണിമുടക്കിനെ അനുകൂലിച്ച് ഭൂരിഭാഗം ടാക്‌സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങുന്നില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസിനെയും ബാധിച്ചു. സ്വകാര്യബസ്സുകളും നിരത്തിലിറങ്ങുന്നില്ല. വിവിധ സര്‍വകലാശാലകളുടെ പരീക്ഷകളും മാറ്റിവച്ചു. പത്രം, പാല്‍, ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വിസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രോത്സവങ്ങള്‍, മാരാമണ്‍ കണ്‍വന്‍ഷന്‍, ശബരിമല ദര്‍ശനം തുടങ്ങിയവക്ക് തടസ്സമുണ്ടായില്ല. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ ബലം പ്രയോഗിച്ചു തടയില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. എങ്കിലും കേരളത്തില്‍ ഐ.എന്‍.ടി.യു.സി പ്രത്യേകമായാണ് പണിമുടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോജിച്ചുള്ള പ്രക്ഷോഭം ഒഴിവാക്കിയത്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക. ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്കുള്ള അധിക ബോണസ് നിര്‍ത്താനുള്ള കേന്ദ്ര നീക്കം പിന്‍വലിക്കുക. ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here