പത്തുമാസം പ്രായം; പുതുചരിത്രമാകാന്‍ ആലിന്‍ ഷെറിന്‍; കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് ജീവനേകും

0
61

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. അവയവദാനത്തിന് സമ്മതം മൂളി ആലിന്റെ മാതാപിതാക്കള്‍. കരള് കൊത്തിപ്പറിക്കുന്ന വേദനയിലും സ്വന്തം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് പേര്‍ക്കാണ് ആലിന്‍ പുതുജീവനേകുക. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടരയോടെ ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. എം.സി. റോഡില്‍ പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും ആലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലും മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.

ആലിന്റെ ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും, കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും, വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കും നല്‍കും. കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കുവെച്ച കുറിപ്പ്;

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

“>

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here