ശബരിമല യുവതി പ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം ഏപ്രില്‍ ഏഴുമുതല്‍; വാദം കേള്‍ക്കുന്നത് ഒന്‍പതംഗ ബഞ്ച്

0
96

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ ഏഴുമുതല്‍ ആരംഭിക്കും. സുപ്രീംകോടതിയുടെ ഒന്‍പത് അംഗ ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക. ഏപ്രില്‍ 22 വരെയാണ് വാദം കേള്‍ക്കല്‍ നടക്കുക. യുവതീ പ്രവേശനത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനഃസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും.

അഭിഭാഷകനായ കെ പരമേശ്വറിനെ അമിക്കസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ഓടു കൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഒന്‍പതംഗ ബഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങള്‍ അറിയിക്കും.

വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു. ഇനി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും പ്രധാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് കണ്ടറിയണം. പ്രത്യേകിച്ച് ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന്റെ പേരില്‍ രണ്ട് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍. അതേസമയം ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തുമോ എന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും 2018ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here