

ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പാണ് ഡോക്ടര്‍ക്കെതിരെ നടപടി എടുത്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയേയും നേഴ്സ് പി.എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. 2021-ല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്.
അഞ്ചുവര്‍ഷമായി വയറിനുള്ളില്‍ കത്രികയുമായി കഴിഞ്ഞ ഉഷ ഇക്കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്.
ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രികയുമായി വര്‍ഷങ്ങളോളം കഴിയേണ്ടിവന്നത്. അഞ്ചുവര്‍ഷം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. 2021 മേയ് മാസത്തില്‍ കോവിഡ് കാലത്താണ് ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയക്കു ശേഷം ഉഷയ്ക്ക് വയറ്റില്‍ വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എം.ആര്‍.ഐ. സ്‌കാനിലൂടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്.










