

പാലക്കാട്: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാലക്കാട് ഡിഎംഒ. യുവതി മരിച്ചതില്‍ ചികിത്സാ പിഴവില്ലെന്നും മരണ കാരണം ആംനിയോട്ടിക് ഫ്ലുയിഡ് എംബോളിസം സംഭവിച്ചതാണെന്നുമാണ് ഡിഎംഒയുടെ റിപ്പോര്‍ട്ട്. പ്രാഥമികാന്വേഷണത്തിലും പോസ്റ്റ്മോര്‍ട്ടത്തിലും ചികിത്സാപിഴവ് കണ്ടെത്താനായില്ലെന്നും ഡിഎംഒ അറിയിച്ചു. തൃത്താല മേഴത്തൂര്‍ സ്വദേശി നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി ചികിത്സയില്‍ കഴിയവേ മരിച്ചത്. നൗഷിജയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വെള്ളിയാഴ്ച 20-ാം തിയ്യതിയാണ് നൗഷിജ മരിച്ചത്. 16ന് തന്നെ നൗഷിജയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്‌ളിയാഴ്ച രാവിലെ കുഴഞ്ഞു വീണ നൗഷിജയെ വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച അഡ്മിറ്റ് ചെയ്ത ശേഷം ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രസവം നടക്കാനുള്ള വിവിധ നടപടികള്‍ സ്വീകരിച്ചെങ്കിലും നൗഷിജയുടെ ഗര്‍ഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും ബ്ലീഡിങ്ങും അനുഭവപ്പെട്ടെങ്കിലും ‘നോക്കാം’ എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് 20-ാം തീയതി പുലര്‍ച്ചെ നൗഷിജയ്ക്ക് കടുത്തക്ഷീണവും വേദനയും അനുഭവപ്പെട്ടു. എന്നാല്‍ രാവിലെ 10 മണിക്ക് ഡോക്ടര്‍ വന്നാലേ തുടര്‍നടപടികള്‍ തീരുമാനിക്കാനാകൂ എന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയും ഹൃദയാഘാതം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയുമായിരുന്നു. താലൂക്ക് ആശുപത്രിയില്‍നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി.










