

തിരുവനന്തപുരം: സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ഭാഹവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. വസ്തുനിഷ്ഠമായ കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിടണമെന്നും ഇതുമായി ബന്ധപ്പെട്ട അഴിമതി പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമം നടത്തിയതു വഴി ശബരിമലയുടെ പശ്ചാത്തല വികസനത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്ന് അധികാരികള്‍ വെളിപ്പെടുത്തണമെന്നും ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്.
യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് ലാലു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വര്‍ക്കിങ് പ്രസിഡണ്ട് അനില്‍ തെക്കുംഭാഗം, പ്രദീപ് കുരീപ്പുഴ, പ്രശാന്തന്‍ പിള്ള പുനലൂര്‍, രാജകുമാര്‍ കൊല്ലം, കൃഷ്ണകുമാര്‍ പമ്പ തുടങ്ങിയവര്‍ സംസാരിച്ചു.










