ആറ്റുകാല്‍ പൊങ്കാല: സ്‌നേഹത്തിന്റെ കരുതലുമായി പാളയം ഇമാം; നോമ്പ് ആണങ്കിലും പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണം

0
56

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് സ്‌നേഹക്കരുതലൊരുക്കി പാളയം ഇമാം ഡോ.സുഹൈബ് മൗലവി. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി മസ്ജിദുകളും വീടുകളും വിശ്രമത്തിനായി തുറന്നുകൊടുക്കണമെന്നും പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നും പറയുന്ന ഇമാമിന്റെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വൈറലാണ്. പെങ്കാലയ്ക്കായി എത്തുന്നവര്‍ക്ക് വിശ്വാസികള്‍ നല്ല ആതിഥേയരാകണമെന്നും മൗലവി ആവശ്യപ്പെട്ടു.

പൊങ്കാല നടക്കുന്നത് നോമ്പ് കാലത്താണെങ്കിലും തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണമെന്നും മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.

ഇമാമിന്റെ പ്രസംഗം ഇങ്ങനെ., ഏതാനും ദിവസങ്ങള്‍ക്കകം ആറ്റുകാല്‍ പൊങ്കാല വരുകയാണ്. മറ്റൊരു മതവിശ്വാസവുമായി ബന്ധപ്പെട്ടതായതിനാല്‍ തന്നെ അതിന്റെ ആചാരങ്ങളിലും ചടങ്ങുകളിലും മുസ്ലിങ്ങള്‍ പങ്കാളികളല്ല. പക്ഷേ, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുകയാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ നമുക്ക് സാധിക്കണം.

‘കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ റമദാനിലാണ് ഈ വര്‍ഷവും പൊങ്കാല നടക്കുന്നത്. റമദാനിന്റേതായ ഏറ്റവും നല്ല സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ അനുഭവങ്ങള്‍ പൊങ്കാലയ്ക്കെത്തുന്ന നമ്മുടെ സഹോദരിമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും സമ്മാനിക്കാന്‍ നമുക്ക് സാധിക്കണം. കുടിവെള്ളവും റമദാന്‍ വിഭവങ്ങളുമെല്ലാം അവര്‍ക്ക് നാം സമ്മാനിക്കണം. വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂര്‍ണമായും അവര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സ്നേഹവും സാഹോദര്യവും തുറന്നുകാണിക്കാനുള്ള സന്ദര്‍ഭമാണിത്.’ ഡോ.സുഹൈബ് മൗലവി പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here