ഡിജിപി റവാഡ ചന്ദ്രേേശഖറിന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍; വിരമിക്കേണ്ടിയിരുന്നത് ജൂണ്‍ 30ന്

0
44

തിരുവനന്തപുരം: നിലവിലെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ഡിജിപി സ്ഥാനത്ത് ഒരുവര്‍ഷം കൂടി തുടരാം. ഡിജിപിയായി അദ്ദേഹത്തിന്റെ നിയമനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ് കേസിലെ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാലാവധി നീട്ടിയത്. ഈവരുന്ന ജൂണ്‍ 30നാണ് റവാഡ ചന്ദ്രശേഖര്‍ വിരമിക്കേണ്ടിയിരുന്നത്. ഇനി 2027 ജൂണ്‍ 30 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ചന്ദ്രശേഖര്‍ 1991 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

പൊലീസ് വകുപ്പില്‍ 51 അധിക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് 4 സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെയാണ് 51 അധിക തസ്തികകള്‍ സൃഷ്ടിക്കുക. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഇതുകൂടാതെ, ജില്ലാ ഫിംഗര്‍പ്രിന്റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂര്‍ പൊലീസ് റൂറല്‍ ജില്ലയില്‍ നാല് തസ്തികകളോട് കൂടി പുതിയ ഫിംഗര്‍പ്രിന്റ് ബ്യൂറോ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ – 1, ഫിംഗര്‍പ്രിന്റ് എക്സ്പേര്‍ട്ട് – 2, ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ – 1 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here