കേരള സ്റ്റോറി 2 കാണാന്‍ ആളില്ല; ഷോ റദ്ദാക്കി തിയ്യറ്റര്‍ മാനേജ്‌മെന്റ്; സിനിമയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം

0
47

തിരുവനന്തപുരം: കേരളത്തെ മുന്‍നിര്‍ത്തിയുള്ള പ്രൊപ്പഗാണ്ട സിനിമ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലാതെ ഷോ റദ്ദാക്കി തിയ്യറ്റര്‍ ഉടമകള്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. ഡിവൈഎഫ്‌ഐയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും മലപ്പുറത്തും കണ്ണൂരുമെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കണ്ണൂരിലെ ലിബര്‍ട്ടി തിയ്യറ്ററിലും കൊച്ചി ഷേണായീസ് തിയ്യറ്ററിലും ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം റദ്ദാക്കി. കണ്ണൂരില്‍ തിയ്യറ്ററില്‍ സ്ഥാപിച്ചിരുന്ന കേരള സ്‌റ്റോറി 2വിന്റെ പോസ്റ്ററുകളും ഫ്‌ലെക്‌സ് ബോര്‍ഡും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു.

കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ ശനിയാഴ്ച വൈകുന്നേരത്തെ ഷോ തടയുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രദര്‍ശനം ഒഴിവാക്കിയതായി തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ മഞ്ചേരി ലാഡര്‍ തിയറ്ററിലും പ്രദര്‍ശനം ഒഴിവാക്കി. തിരുവനന്തപുരം ഏരിസ് പ്ലക്‌സ്, പാലക്കാട് ന്യൂ അരോമ തിയറ്റര്‍, എറണാകുളം ഷേണായീസ് തിയറ്റര്‍, മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്റര്‍ എന്നിവിടങ്ങളിലേക്ക് സിനിമ പ്രദര്‍ശന സമയത്ത് ജില്ല കമ്മിറ്റികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here