ഇംഗ്ലീഷ് ചാനല്‍ കടന്ന് ടീം ഇന്ത്യ ഫൈനലിലേക്ക്; ഏഴുറണ്‍സ് അകലെ കാലിടറി വീണ് ബെത്തലിന്റെയും ഇംഗ്ലണ്ടിന്റെയും പോരാട്ടവീര്യം; കയ്യടിച്ച് ക്രിക്കറ്റ് ലോകം

0
42

മുംബൈ: ആദിമധ്യാന്തം ഒരു ത്രില്ലര്‍ സിനിമയുടെ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ത്രില്ലിംഗ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ടി-20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ലക്ഷ്യത്തിന് ഏഴു റണ്‍സ് അകലെ ഇംഗ്ലീഷ് ടീമിന്റെ പോരാട്ടവീര്യം കാലിടറി വീണു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. അതിഭീകര തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തോളിലേറ്റിയ ജേക്കബ് ബെത്തലെന്ന 22കാരന്റെ അസാമാന്യ പോരാട്ടവീര്യവും വന്‍ തകര്‍ച്ചയില്‍ നിന്ന് ബെത്തലിന്റെ ചിറകില്‍ ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന ഇംഗ്ലണ്ട് ടീമിന്റെ പോരാട്ടവീര്യവും കയ്യടി അര്‍ഹിക്കുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. സഞ്ജു സാംസണ്‍ കളിയിലെ താരമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ നെടുനായകത്വത്തിലാണ് ഇംഗ്ലണ്ടിനെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 253 റണ്‍സെടുത്തു. സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്റെ പ്രത്യേകത. 42 പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് സിക്സും എട്ട് ഫോറുമടക്കം 89 റണ്‍സെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 160-ല്‍ എത്തിയിരുന്നു. തകര്‍ത്തടിച്ച ശിവം ദുബെ 25 പന്തില്‍ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം 43 റണ്‍സെടുത്ത് റണ്ണൗട്ടായി.

രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഞ്ജുവും ഇഷാന്‍ കിഷനും 45 പന്തില്‍ നിന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. പവര്‍പ്ലേയില്‍ ഇന്ത്യ 67 റണ്‍സടിച്ചു. 18 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റണ്‍സെടുത്ത ഇഷാനെ ആദില്‍ റഷീദാണ് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ 14-ാം ഓവറില്‍ വില്‍ ജാക്ക്സ് ഔട്ടാക്കി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11, തിലക് വര്‍മ ഏഴു പന്തില്‍ 21, ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 27 എന്നിങ്ങനെയാണ് മറ്റു സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരുഘട്ടത്തില്‍ 7.3 ഓവറില്‍ നാലിന് 95 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. പക്ഷേ, പിന്നീടെത്തിയ ബെത്തല്‍ ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റി നയിച്ചു. 48 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റണ്‍സെടുത്ത ബെത്തല്‍ അവസാന ഓവറിലാണ് പുറത്തായത്. ജസ്പ്രീത് ബുംറയുടെ അവസാനത്തെ രണ്ട് ഓവറുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 16-ാം ഓവറില്‍ വെറും എട്ടു റണ്‍സും 18-ാം ഓവറില്‍ വെറും ആറു റണ്‍സും മാത്രം വഴങ്ങിയ ബുംറ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 19-ാം ഓവര്‍ എറിഞ്ഞ ഹാര്‍ദിക് വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി സാം കറനെ പുറത്താക്കിയതും നിര്‍ണായകമായി.

കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (5), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (7) എന്നിവരെ നഷ്ടമായി. ഒരറ്റത്ത് പിടിച്ചു നിന്ന ജോസ് ബട്ട്‌ലറെ 17 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് നില്‍ക്കെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കി. ഇതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 68 റണ്‍സെന്ന നിലയിലായി. നാലാമനായി ബെത്തല്‍ എത്തിയതോടെ കളിമാറി. വരുണ്‍ ചക്രവര്‍ത്തിയേയും അക്ഷര്‍ പട്ടേലിനെയും കടന്നാക്രമിച്ച ബെത്തല്‍ വെറും 19 പന്തില്‍ നിന്ന് 50 തികച്ചു. ഇതിനിടെ അഞ്ചു പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ടോം ബാന്റണെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ബെത്തലും വില്‍ ജാക്ക്സും ഒന്നിച്ചതോടെ ഇന്ത്യ വിറച്ചു. 39 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ഈ സഖ്യം അപകടം വിതയ്ക്കവെ അക്ഷറിന്റെ ഫീല്‍ഡിങ് മികവ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 14-ാം ഓവറില്‍ അര്‍ഷ്ദീപിന്റെ പന്തില്‍ അക്ഷറും ശിവം ദുബെയും ചേര്‍ന്നെടുത്ത ക്യാച്ചില്‍ ജാക്ക്സ് പുറത്ത്. 20 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 35 റണ്‍സായിരുന്നു ജാക്ക്സിന്റെ സമ്പാദ്യം. അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ബെത്തല്‍ റണ്ണൗട്ടായതോടെ മത്സരം പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലമായി. എന്നാല്‍ ദുബെയെ മൂന്ന് തവണ സിക്സറിന് പറത്തിയ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ തോല്‍വി ഭാരം കുറച്ചു. 22 റണ്‍സാണ് അവസാന ഓവറില്‍ ദുബെ വഴങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here