

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷനിലെ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാനാകാത്ത നിലയില്‍ പൂട്ടിയിട്ട നിലയില്‍. റെയില്‍വേ സ്റ്റേഷനില്‍ പേരിന് വിശ്രമ മുറികള്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും എല്ലാം താഴിട്ട നിലയിലാണ്. സ്റ്റേഷന്‍ മാസ്റ്ററുടെ അനുമതിയുണ്ടെങ്കിലേ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ബാങ്ക് ലേക്കര്‍ തുറക്കാന്‍ കാത്തുനില്‍ക്കുന്നതിനേക്കാള്‍ പരിതാപകരമായ അവസ്ഥയാണ് ഇവിടെ. തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനപ്പെട്ട സ്റ്റേഷനാണ് പേട്ട.
തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള മിക്ക ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്. അതിനാല്‍ നിരവധി യാത്രക്കാര്‍ ദിവസേന ഇവിടെയൈത്തുന്നുണ്ട്. യാത്രക്കാര്‍ക്കായി ഇവിടെ രണ്ട് വിശ്രമമുറികളുണ്ട്. എന്നാല്‍ അത് പേരിന് മാത്രമെന്നാണ് പരാതി. ടോയ്‌ലറ്റ് ഉപയോഗിക്കണമെങ്കില്‍ ആദ്യം സ്റ്റേഷന്‍ മാസ്റ്ററെ കാണണം. തുടര്‍ന്ന് അനുവാദം ചോദിച്ച് താക്കോല്‍ വാങ്ങിക്കൊണ്ടുവന്ന് വേണം പൂട്ട് തുറക്കാന്‍. ഉപയോഗം കഴിഞ്ഞാല്‍ തിരികെ പൂട്ടി താക്കോല്‍ സ്‌റ്റേഷന്‍ മാസ്റ്ററെ തിരിച്ചേല്‍പിക്കുകയും വേണം.
തിരക്കിട്ട യാത്രയ്ക്കിടയില്‍ അടഞ്ഞു കിടക്കുന്ന ടോയ്‌ലറ്റിന്റെ താക്കോലും തേടി നടക്കാന്‍ ബുദ്ധിമുട്ടാണെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ തിരക്കിലാണെങ്കില്‍ താക്കോലിനായി മിനിറ്റുകളോളം കാത്തുനില്‍ക്കേണ്ടി വരാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. പൂട്ടിയിട്ടിരിക്കുന്ന വിശ്രമമുറികള്‍ എത്രയും വേഗം തുറന്ന് നല്‍കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം.
തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ തന്നെ ശുചിമുറിയില്‍ കൃത്യമായ രീതിയില്‍ ശുചീകരണവും നടക്കാറില്ല. താക്കോല്‍ വാങ്ങി തുറന്ന സമയത്ത് രൂക്ഷമായ ദുര്‍ഗന്ധവും അഴുക്കും കാരണം അകത്തുകയറാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നെന്ന് ഒരു യാത്രക്കാരി പറഞ്ഞു.










