ശബരിമല യുവതീ പ്രവേശനം; വഴുതിക്കളിച്ച് സര്‍ക്കാര്‍; ആരെയും പിണക്കാത്ത നിലപാടുമായി സര്‍ക്കാരിന്റെ സത്യവാങ്മൂലം

0
14

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പിച്ചു. എങ്ങും തൊടാതെ വഴുതിക്കളിച്ചു കൊണ്ടുള്ള നിലപാടാണ് കേരള സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്്മൂലത്തില്‍ വിശദമാക്കിയിരിക്കുന്നത്. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മതാചാരം പുറത്തുള്ളവര്‍ക്ക് പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

17 പേജുള്ള സത്യവാങ്മൂലത്തില്‍ ആചാരപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മതപരമായ കാര്യങ്ങളില്‍ പാണ്ഡിത്യമുള്ളവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും പറയുന്നുണ്ട്. 2008-ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തു നല്‍കിയ സത്യവാങ്മൂലത്തിലും ഈ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന അന്നത്തെ സത്യവാങ്മൂലത്തിലെ പ്രധാന നിലപാടില്‍ നിന്ന് ഇത്തവണ സര്‍ക്കാര്‍ പിന്നോട്ടു പോയി എന്നു വേണം മനസ്സിലാക്കാന്‍.

നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ നില്‍ക്കുമ്പോള്‍ വിശ്വാസികളെ പിണക്കാതെയും പുരോഗമനവാദികളെ നോവിക്കാതെയുമുള്ള തന്ത്രപരമായ നിലപാട് സ്വീകരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരല്ല എന്ന വ്യാഖ്യാനത്തിലൂന്നിയാണ് ഈ നിലപാട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here