സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

0
19

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്. മോഷണം നടത്തിയത് വീട്ടുടമ തന്നെയാണെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് പരാതി നല്‍കിയ വീട്ടുടമയെ തന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടില്‍ മനോജിനെ(33) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മനോജിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും മോഷണം പോയെന്നാണ് മനോജ് പരാതി നല്‍കിയത്.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മനോജ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷമാണ് മനോജ് പൊലീസിനെ അറിയിച്ചത്. അതിനു മുന്നോടിയായി വീടിന്റെ പിന്‍വാതില്‍ തുറന്നിടുകയും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഉപയോഗിച്ച് ജനാലക്കമ്പികള്‍ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് ഓട്ടോ ഓടിക്കാന്‍ പോകുകയും കട്ടച്ചല്‍ക്കുഴിക്ക് സമീപം മീന്‍വില്‍ക്കുന്ന ഭാര്യയെ ഓട്ടോയില്‍ കയറ്റി വീട്ടില്‍ തിരിച്ചെത്തി. വാതില്‍ തുറന്നിട്ടിരിക്കുന്നതും ജനാലകമ്പികള്‍ മുറിച്ചതും കണ്ട് ഭാര്യക്കൊപ്പം ബഹളംവെച്ചു.

പൊലീസെത്തി നടത്തിയ വിശദമായ അന്വേഷണത്തില്‍ കള്ളക്കളി വെളിച്ചത്തായി. സംശയം തോന്നിയ പൊലീസ് മനോജിനെയും ബന്ധുവിനെയും സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുടുങ്ങിയത്. ജനല്‍ക്കമ്പി മുറിച്ചപ്പോഴുണ്ടായ പൊടിയും കൈകളിലുണ്ടായ നിസ്സാര പൊള്ളലും ചൂണ്ടിക്കാണിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് മനോജിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചിരുന്ന ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here