പോര്‍ക്കളത്തില്‍ ആരൊക്കെ.? ചിത്രം 26ന് തെളിയും; പത്രികാ സമര്‍പണത്തിന്റെ സമയം അവസാനിച്ചു

0
42

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയാന്‍ ഇനി രണ്ടുദിവസം ബാക്കി. പടക്കളത്തില്‍ ആരൊക്കെ പോരാളികളാകുമെന്ന് 26ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 26 വരെയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി. 26ന് വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും.

പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ചൊവ്വാഴ്ച മുതല്‍ 29 വരെ നടക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ക്കുള്ള തപാല്‍ ബാലറ്റ് ഫോം സമര്‍പ്പിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തും. രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രത്തില്‍ വോട്ടു രേഖപ്പെടുത്താനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ക്രമീകരിക്കും.

രണ്ടും മൂന്നും പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം രണ്ടാംഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന ഏതെങ്കിലും കേന്ദ്രത്തില്‍ തപാല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. 140 മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി. അതേസമയം, പൊലീസുകാര്‍ക്കു തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ 7 ദിവസം വരെ സമയം അനുവദിക്കുമെന്ന് സിഇഒ രത്തന്‍ യു.ഖേല്‍ക്കര്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here