

ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാന്‍-യു.എസ് സമാധാന ചര്‍ച്ചകള്‍ നടന്ന ഹോട്ടല്‍ ബില്ലിന്റെ പേരില്‍ നാണംകെട്ട് പാകിസ്താന്‍. ബില്ലടയ്ക്കാത്തതിന്റെ പേരില്‍ ഉടമ ബന്ധപ്പെട്ടതോടെയാണ് നാണക്കേടുണ്ടായത്. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചര്‍ച്ച നടന്നത്. ചര്‍ച്ച കഴിഞ്ഞിട്ടും ഹോട്ടല്‍ ബില്ല് അടയ്ക്കാന്‍ പാകിസ്താന്‍ തയ്യാറായില്ലെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഹോട്ടല്‍ ഉടമ ഇടപെടുകയും ബില്ലുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പാക്കിസ്ഥാന് വീഴ്ചയുണ്ടായെന്നും അത് രാജ്യത്തിന്റെ പരാജയമാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 10-12 തീയതികളിലായായിരുന്നു ഇറാന്‍-യുഎസ് ചര്‍ച്ച പാകിസ്താനില്‍ നടന്നത്. അതീവ സുരക്ഷയില്‍ നടന്ന ചര്‍ച്ച പക്ഷേ സമവായത്തില്‍ എത്തിയിരുന്നില്ല. യുഎസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ ഈയാഴ്ച അവസാനം പാക്കിസ്ഥാനില്‍ നടക്കും. രണ്ടുരാജ്യത്തെയും പ്രതിനിധികള്‍ ഈയാഴ്ച ഇസ്ലാമാബാദിലേക്കു തിരിക്കും. വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 21 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ചര്‍ച്ച നടത്തുന്നത്.










