ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

0
28

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സമയം സാഹചര്യം ആവശ്യപ്പെട്ടാല്‍, ചൈനീസ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തനിക്ക് പൂര്‍ണ അധികാരവും സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നെന്ന് മേജര്‍ ജനറല്‍ നരവനെ വ്യക്തമാക്കി. പ്രദേശത്തെ സാഹചര്യം അറിയാവുന്ന തനിക്ക് സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയതായാണ് ആ സാഹചര്യത്തെ വിലയിരുത്തുന്നത്. സൈന്യത്തില്‍ സര്‍ക്കാരിനുള്ള ആത്മവിശ്വാസമാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ സൈനിക നീക്കത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ വൈകിയെന്നും ഒടുവില്‍ സൈന്യം തീരുമാനിച്ചുകൊള്ളൂ എന്ന മറുപടിയാണു ലഭിച്ചതെന്നുമുള്ള ആരോപണങ്ങളാണ് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നരവനെ തള്ളിയത്. 2019-22 ല്‍ കരസേനാ മേധാവിയായിരുന്ന ജനറല്‍ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് വിവാദമായിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ വായിച്ചത് ഭരണപ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു. സൈനിക നീക്കത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ വൈകിയെന്ന് പുസ്തകത്തിലുണ്ട് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനാണ് നരവനെ മറുപടി നല്‍കിയത്.

തന്റെ പുസ്തകത്തില്‍ വിവാദമാകാന്‍ ഒന്നുമില്ലെന്നും എന്നാല്‍ ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നും നരവനെ പറഞ്ഞു. നിലവില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനയിലുള്ള പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ 2 വര്‍ഷമായിട്ടും പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. 2024 ആദ്യം പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പുസ്തകത്തിന്റെ റിവ്യൂ പതിപ്പുകള്‍ 2023 ഡിസംബറില്‍ ലഭ്യമാക്കിയിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here