

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം കൂട്ടാനൊരുങ്ങി കെഎസ്ഇബി. ഇപ്പോള്‍ ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരില്‍ 15 മുതല്‍ 30 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്യുന്നത് ഇനിമുതല്‍ വര്‍ധിച്ചേക്കും എന്നാണ് കെഎസ്ഇബി നല്‍കുന്ന സൂചന. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതും ഡാമുകളില്‍ ജലനിരപ്പ് വലിയ രീതിയില്‍ താഴ്ന്നതുമാണ് ലോഡ് ഷെഡിംഗിലേക്ക് നയിച്ചത്. നഗര-ഗ്രാമപ്രദേശങ്ങളിലെല്ലാം അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഇപ്പോഴുണ്ട്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നു മാത്രം. ചൂട് കടുത്ത സാഹചര്യത്തില്‍ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന്റെ ദൈര്‍ഘ്യം കൂടുക കൂടി ചെയ്താല്‍ ജനം ഇരട്ടി ദുരിതത്തിലാകും.
പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 26 മുതല്‍ 200 മെഗാവാട്ടിന്റെ കുറവു കൂടി വന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു പവര്‍ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയില്‍ ഈമാസം 16 മുതല്‍ തന്നെ 200 മെഗാവാട്ടിന്റെ കുറവു വന്നിരുന്നു. 20 മുതല്‍ വീണ്ടും 200 മെഗാവാട്ടിന്റെ കുറവു വരികയും 26 മുതല്‍ സമാന സാഹചര്യം കൂടി വരികയും ചെയ്യുന്നതോടെ ആകെ 600 മൊഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. അതേസമയം, 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗേറ്ററി കമ്മിഷന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതും കെഎസ്ഇബിക്ക് തിരിച്ചടിയാണ്. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദേശം.
വൈദ്യുതി ഉല്‍പാദനവും ഉപയോഗവും തമ്മില്‍ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 24ലെ കണക്കനുസരിച്ച് 116.48 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. അതില്‍ 29.03 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിച്ചത്. ബാക്കി 87.45 ദശലക്ഷം യൂണിറ്റും പുറത്തുനിന്നു വാങ്ങുകയായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5654 മെഗാവാട്ടായിരുന്നു. ഇതില്‍ കേരളത്തില്‍നിന്നു ലഭ്യമായത് വെറും 1752 മെഗാവാട്ട് മാത്രം. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.










