ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

0
17

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം. സര്‍ ജെ.ജെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സഞ്ജയ് സുരാസെയുടെ വാക്കുകള്‍ പ്രകാരം സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവര്‍ക്കുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നതിലും മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കുടുംബത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇതോടെ രണ്ടുപെണ്‍കുട്ടികള്‍ അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ മരണത്തില്‍ പുതിയ സംശയങ്ങള്‍ ജനിക്കുകയാണ്.

അബ്ദുല്ല ദൊക്കാഡിയ (40), ഭാര്യ നസ്‌റീന്‍ ദൊക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ബന്ധുവിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്ത് ബിരിയാണിയും അതു കഴിഞ്ഞ് രാത്രി തണ്ണിമത്തനും കഴിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതുമൂലമുള്ള ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന് സംശയിച്ചിരുന്നു. എന്നാല്‍, സാധാരണ ഭക്ഷ്യവിഷബാധയാണൈങ്കില്‍ സ്ഥിതി ഇത്രവേഗം ഗുരുതരമാകില്ലായിരുന്നെന്ന് ഡോ. സഞ്ജയ് സുരാസെ പറഞ്ഞു. സ്ഥിതി വഷളായ വേഗത, ഗുരുതരാവസ്ഥ, ഒരേ കുടുംബത്തിലെ ഒന്നിലധികം പേരെ ബാധിച്ചു എന്നീ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് സാധാരണ ഉണ്ടാകാത്തതാണെന്നും ഏതെങ്കിലും വിഷ, രാസ സാന്നിധ്യം അവരുടെ ഉള്ളില്‍ ചെല്ലാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും ഡോ.സഞ്ജയ് പറഞ്ഞു.

അബ്ദുല്ലയ്ക്കും കുടുംബത്തിനും ആദ്യം ഛര്‍ദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികള്‍ തളരുകയും ബോധം നശിക്കുകയും ചെയ്തു. ഇതാണ് മറ്റെന്തോ രാസവസ്തു ഉള്ളില്‍ച്ചെന്നിട്ടുണ്ടെന്ന് സംശയിക്കാനുള്ള കാരണം. ബോധക്ഷയം തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണുള്ളത്. ഭക്ഷ്യവിഷബാധയ്ക്കപ്പുറമുള്ള എന്തോ കാരണം ഈ മരണത്തിനു പിന്നിലുണ്ടെന്നതാണ് സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

നസ്‌റീനെ ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രണ്ടര മണിക്കൂറിനുശേഷം മരിച്ചു. ആയിഷയെ രാവിലെ 11.55നും അബ്ദുല്ലയെ 11 മണിക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ആയിഷ വൈകിട്ട് 5.15നും അബ്ദുല്ല രാത്രി 10.15നും മരിച്ചു. സൈനബിനെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here