

തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ് ഇനി കേരളം ഭരിക്കും. 102 സീറ്റുമായി കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയാണ് യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുന്നത്. അവിശ്വസനീയമായ വിജയക്കുതിപ്പാണ് യുഡിഎഫ് നടത്തിയത്. സമീപ കാലത്തൊന്നും ഒരു തെരഞ്ഞെടുപ്പിലും ഇത്ര വലിയ വിജയം ഉണ്ടായിട്ടില്ല യുഡിഎഫിന്. ചരിത്രത്തിലാദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. സിപിഐഎം വമ്പന്‍ തിരിച്ചടി നേരിട്ട് പാതാളക്കുഴിയിലേക്ക് ആണ്ടുപോയതും ചരിത്രത്തിന്റെ ഭാഗം.
യുഡിഎഫിന്റെ ആകെയുള്ള 102 സീറ്റില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയത് 63 സീറ്റുകളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 42 സീറ്റ് കൂടുതല്‍. ലീഗ് ഒറ്റയ്ക്ക് 22 സീറ്റുകളില്‍ ജയിച്ചു. 2021-ലേതിനേക്കാള്‍ ഏഴു സീറ്റാണ് ലീഗ് അധികം നേടിയത്. കേരള കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും ആര്‍എസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. മൂന്ന് സീറ്റ് കൂടി യുഡിഎഫ് നേടിയിരുന്നെങ്കില്‍ നിയമസഭയില്‍ യുഡിഎഫിന് 3/4 ഭൂരിപക്ഷമായേനെ.
സിപിഐഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ 67 സീറ്റുകളില്‍ ഒറ്റയ്ക്ക് വിജയിച്ച സിപിഎമ്മിന് ഇക്കുറി 41 സീറ്റുകളാണ് നഷ്ടമായത്. സിപിഐ ആകെ നേടിയത് എട്ടു സീറ്റുകള്‍ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് 2026ലെത്തുമ്പോള്‍ നഷ്ടം 9 സീറ്റുകള്‍. ആര്‍ജെഡി ഒരു സീറ്റ് നേടിയപ്പോള്‍ ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസ് (എം) സംപൂജ്യരായി. സിപിഎമ്മിനെയും സിപിഐയെയും കൂടാതെ എല്‍ഡിഎഫില്‍ ആര്‍ജെഡിക്കു മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്.
കനത്ത പരാജയത്തിനടയില്‍ ജി.സുധാകരനടക്കമുള്ള വിമതര്‍ നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയില്‍ ജി.സുധാകരനും പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുമാണ് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. ബേപ്പൂരില്‍ പി.വി.അന്‍വറിന് ജയിക്കാനായില്ലെങ്കിലും റിയാസിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി. സിപിഐ 17-ല്‍നിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റ് പിടിച്ച് ബിജെപിയും കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.









