മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; രാജിക്കത്ത് പ്രത്യേക ദൂതന്‍ വഴി ലോക്ഭവനിലെത്തിച്ചു; കാവല്‍ മുഖ്യമന്ത്രിയായി തുടരും

0
23

തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മൂന്നാം ഊഴമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ടാണ് യുഡിഎഫിന്റെ തേരോട്ടം. 102 സീറ്റുമായി ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. യുഡിഎഫ് മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകള്‍ തകര്‍ന്നു. എന്‍ഡിഎ ചരിത്രത്തില്‍ ആദ്യമായി മൂന്ന് സീറ്റ് നേടി. എല്‍ഡിഎഫ് 35, യുഡിഎഫ് 102, എന്‍ഡിഎ 3 എന്നിങ്ങനെയാണ് കക്ഷിനില. ധര്‍മടത്ത് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട പിണറായി വിജയന്‍ തിളക്കം കുറഞ്ഞ വിജയമാണ് നേടിയത്. മന്ത്രിമാരില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറവൂരില്‍നിന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍നിന്നും വിജയിച്ചു. ശക്തമായ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ ലീഡ് നില മാറിമറിഞ്ഞുവന്നെങ്കിലും കെ.മുരളീധരന്‍ ജയിച്ചു കയറി. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 12 ഇടങ്ങളിലും പരാജയപ്പെട്ടു. പാലായില്‍ ജോസ് കെ.മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തോറ്റു. സിപിഎം വിമതരായി മത്സരിച്ച ജി.സുധാകരന്‍ അമ്പലപ്പുഴയിലും ടി.കെ.ഗോവിന്ദന്‍ തളിപ്പറമ്പിലും വി.കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരിലും വിജയിച്ചു.

യുഡിഎഫിന്റെ ഉജ്വല വിജയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന്റെ പ്രതികരണം. ‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും’ എന്നാണ് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here