പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

0
29

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഐക്ക് അഭിപ്രായ വ്യത്യാസം. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ മുഖം വരണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐക്ക് എതിര്‍പ്പാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ പുതുമുഖങ്ങള്‍ നയിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എല്‍ഡിഎഫിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കൃത്യമായ പ്ലാനുകള്‍ ഉണ്ടായിരിക്കുമെന്നും സിപിഐ നേതാവ് കൂടിയായ പി.സന്തോഷ് കുമാര്‍ എം.പി പറഞ്ഞു. ഐഎഎന്‍എസ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് കുമാറിന്റെ പ്രതികരണം.

കാരണങ്ങള്‍ എന്തൊക്കെയായാലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേ മതിയാകൂ എന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. അപമാനകരവും ലജ്ജാകരവുമായ തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. തോല്‍വിക്ക് പിന്നില്‍ പല ഘടകങ്ങളുണ്ട്. സര്‍ക്കാരിന്റെ പ്രകടനം ഒരു തരത്തില്‍ മികച്ചതായിരുന്നു. എന്നാല്‍ അതിന് അപ്പുറത്തേക്ക് പല പ്രശ്നങ്ങളും തങ്ങള്‍ക്ക് വേണ്ട രീതിയില്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് ഇക്കാര്യങ്ങളെല്ലാം ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ല എന്നാണ് പുറത്തുവരുന്ന വിവരം. ആരോഗ്യപ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാര്‍ തോല്‍വിയുടെ രുചിയറിഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here