

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക് തിരിച്ചു. വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് ദില്ലിക്ക് തിരിച്ചത്. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ് മൂവര്‍ സംഘം ദില്ലിയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എം.എല്‍.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താല്‍പ്പര്യവും അറിയിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎല്‍എമാരുടെ വന്‍ പിന്തുണയാണുള്ളത്. 45 ലധികം എംഎല്‍എമാര്‍ നീരക്ഷകരോട് കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തില്‍ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയില്‍ വി ഡി സതീശന്‍ ക്യാന്പ്. സംസ്ഥാന വ്യാപകമായി ഫ്‌ലെക്‌സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. സമവായ സ്ഥാനാര്‍ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.










