മുഖ്യമന്ത്രിക്കായി വിശാലമായ കൂടിയാലോചനകള്‍ക്ക് ഹൈക്കമാന്‍ഡ്; ദിവസേന റിപ്പോര്‍ട്ട്; കേരളത്തിലെത്തിയ പ്രത്യേകസംഘം മടങ്ങിയില്ല

0
30

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കൂടുതല്‍ വിശാലമായ കൂടിയാലോചനകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. വിഷയത്തില്‍ ഇന്നലെ മുതല്‍ സോണിയഗാന്ധിയും ഇടപെട്ടിട്ടുണ്ട്. സോണിയ, എ.കെ ആന്റണി പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുതിര്‍ന്ന നേതാക്കളുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് എഐസിസി.

എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെങ്കിലും എഐസിസി നിയോഗിച്ച പ്രത്യേക സംഘം ഇപ്പോഴും കേരളത്തില്‍ തുടരുകയാണ്. മുഖ്യമന്ത്രി തര്‍ക്കത്തില്‍ കേരളത്തിലെ പൊതുവികാരം സംബന്ധിച്ച് എല്ലാ ദിവസവും കൃത്യമായി ഈ പ്രത്യേകസംഘം ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കേരളത്തിലെ ഈ പൊതുവികാരവും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. ഇന്നലെ മൂന്നു നേതാക്കളുടെയും വാദം വിശദമായി കേട്ട രാഹുലും ഖര്‍ഗെയും ഇനി കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ച് അറിയിക്കാം എന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേരളത്തിലേത് പ്രത്യേക സാഹചര്യമായി കണ്ടാണ് കൂടിയാലോചനകള്‍ വിശാലമാക്കുന്നത്. ഘടകകക്ഷികള്‍ അറിയിച്ചിരിക്കുന്ന അഭിപ്രായങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നതില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടും. കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി എന്നതു മനസില്‍വച്ചാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. രാഹുലും പ്രിയങ്കയും സംസ്ഥാനത്തു മത്സരിക്കാനെത്തിയപ്പോള്‍ ഘടകകക്ഷികളില്‍നിന്നുള്‍പ്പെടെ ലഭിച്ച പിന്തുണ കാണാതെ പോകരുതെന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു നല്‍കിയതെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here