ഇങ്ങനെ തുടര്‍ന്നാല്‍ ഇനിയൊരിക്കലും അധികാരത്തില്‍ വരില്ല; പിണറായിക്കും എം.വി ഗോവിന്ദനും രൂക്ഷ വിമര്‍ശനം

0
41

ആലപ്പുഴ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലുകള്‍ ഉണ്ടാകണമെന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോയാല്‍ ഇനിയൊരിക്കലും കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വരില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എംവി ഗോവിന്ദനെതിരെയുള്ള വിമര്‍ശനം. നേതൃനിര മത്സരത്തിനിറങ്ങണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. താഴേത്തട്ടില്‍ സംഘടനാപരമായ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടില്‍ നടന്നത് ആവേശം ചോര്‍ന്ന പ്രവര്‍ത്തനമാണ്. നേതൃത്വം കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

എം.വി ഗോവിന്ദന്റെ ജീവിത പങ്കാളി പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും എം.വി ഗോവിന്ദന്‍ ശൈലി മാറ്റുന്നില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ജി സുധാകരന്‍ പുറത്തുപോകുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടതായിരുന്നു എന്നും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി. സുധാകരന്‍ പാര്‍ട്ടിക്ക് മുകളില്‍ ബിംബമായി. അതുവരെ പാര്‍ട്ടി എന്തിനാണ് കാത്തിരുന്നത്. ജി സുധാകരനെ പ്രതിരോധിക്കുന്നതില്‍ സിപിഐഎം പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ടായി. അതേസമയം, ജി സുധാകരനെ മത്സരിപ്പിക്കണമായിരുന്നു എന്നും സുധാകരന്റെ പേരില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കിയതെന്നും കെ.രാഘവന്‍ പറഞ്ഞു.

ടി.എം തോമസ് ഐസകും സജി ചെറിയാനും പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികള്‍ ചേരുന്നുണ്ട്. സെക്രട്ടറിയേറ്റിലെ ചര്‍ച്ചകള്‍ ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here