

തിരുവനന്തപുരം: സ്ഥിരമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വനവാസത്തിനു പോകാറുള്ള 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇക്കുറി അനാഥമാകില്ല. അജ്ഞാതവാസത്തിനും പോകില്ല. 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. 13 പാവം നമ്പരാണെന്നും ആരും എടുക്കാത്തത് കൊണ്ടാണ് താന്‍ എടുത്തതെന്നും ഷാജി പറഞ്ഞു. 13 മോശം നമ്പരാണെന്ന അന്തവും കുന്തവുമായ വിശ്വാസമൊന്നും തനിക്കില്ലെന്നും ഷാജി പറഞ്ഞു. ഒന്‍പതാം നമ്പര്‍ കാര്‍ താത്കാലികമായി അനുവദിച്ചതാണെന്നും ഒന്‍പതായാലും 13 ആയാലും താന്‍ ഹാപ്പിയാണെന്നും ഷാജി പറഞ്ഞു.
13-ാം നമ്പര്‍ എടുത്താല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നൊക്കെ ചിലര്‍ പറയുന്നുണ്ടെങ്കില്‍ അത്തരം അന്ധവിശ്വാസങ്ങളൊന്നും തനിക്കില്ലെന്നാണ് ഷാജി പറയുന്നത്. പക്ഷേ, തന്റെ ബുദ്ധിമുട്ടുകള്‍ എല്ലാം കഴിഞ്ഞതാണെന്ന് ഷാജി പറയുന്നു. രണ്ട് തവണ ജയിച്ചു, ഒരു തവണ തോറ്റു. 13-ാം നമ്പര്‍ എടുത്തിട്ടല്ലല്ലോ അങ്ങനെ സംഭവിച്ചത്. അന്ധവും കുന്തവുമായ ഒരു വിശ്വാസവും തനിക്കില്ല.
വിപ്ലവം സൃഷ്ടിക്കാനൊന്നും അല്ല 13-ാം നമ്പര്‍ ചോദിച്ചു വാങ്ങിയത്. അതൊരു സാധുവായി അവിടെ കിടക്കുന്നു. ആ നമ്പറില്‍പോയാലും അല്ലെങ്കിലും അപകടം ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ചിലര്‍ പറയും 13 എടുത്തിട്ടാണെന്ന്. തനിക്കതില്‍ ഒരു കാര്യവും തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയത് സംബന്ധിച്ച് തനിക്കറിയില്ലെന്നും ഷാജി വ്യക്തമാക്കി.










