
കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ അസഭ്യം പറയുകയും മർദ്ദിച്ച് കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം പണം കവർന്നതായി പരാതി. തോന്നയ്ക്കൽ അനീസ് പെട്രോൾ പമ്പിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പമ്പിലെ ജീവനക്കാരനായ അദ്വൈതിന് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ പമ്പ് മാനേജർ മുഹമ്മദ് ഷഫീഖ് നൽകിയ പരാതിയിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷയിലെത്തിയ ഡ്രൈവറും യാത്രക്കാരനും ചേർന്ന് അദ്വൈതിനോട് പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് ജീവനക്കാരൻ വ്യക്തമാക്കിയതോടെ പ്രതികൾ രോഷാകുലരായി. പമ്പിൽ വെച്ച് ജീവനക്കാരനെ ചീത്തവിളിച്ച ശേഷം ഓട്ടോറിക്ഷയിൽ പുറത്തുപോയ ഇവർ പിന്നീട് വീണ്ടും പമ്പിലേക്ക് തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങിയ ഒന്നാം പ്രതി അദ്വൈതിനെ ക്രൂരമായി അസഭ്യം പറയുകയും മുഖത്തടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തിയ ശേഷം, കൈയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ ജീവനക്കാരന്റെ കണ്ണിലേക്ക് അടിക്കുകയായിരുന്നു. ഈ സമയം ഓട്ടോയിലുണ്ടായിരുന്ന രണ്ടാം പ്രതി അദ്വൈതിന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ ബലമായി തട്ടിയെടുത്ത് കടന്നുകളഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ അദ്വൈതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.







