
കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്
കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴക്കൂട്ടം പള്ളിത്തുറയെ തീരാദുഃഖത്തിലാഴ്ത്തി. പള്ളിത്തുറ സ്വദേശികളായ ജോർജ് (17), അർജുൻ ഡയനീഷ്യസ് (17) എന്നിവരാണ് നാലു ദിവസത്തിനിടയിൽ ജീവനൊടുക്കിയത്.സെപ്റ്റംബർ 11-നാണ് ആദ്യ ദുരന്തമുണ്ടായത്. പള്ളിത്തുറ സെന്റ് മാർത്താ യൂണിറ്റ് ബി.എസ്. വില്ലയിൽ (12/155/1) സ്റ്റീഫന്റെ മകനും വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജോർജിനെ സ്വന്തം വീടുകളിലെ മുറിയിലെ ഫാനിൽ രാത്രി 7.30-ഓടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനു പിന്നാലെ, സെപ്റ്റംബർ 14-ന് ജോർജിന്റെ സുഹൃത്തായ അർജുനെയും മുക്കോലയ്ക്കലിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുക്കോലയ്ക്കൽ ആശാൻ സ്മാരകത്തിന് സമീപമുള്ള പേയിംഗ് ഗസ്റ്റ് മുറിയിലാണ് അർജുൻ താമസിച്ചിരുന്നത്. പള്ളിത്തുറ ജോൺ ബ്രിട്ടാസ് ലൈനിലെ കനാൽ പുറമ്പോക്കിൽ ഡയനീഷ്യസിന്റെ മകനായ ഇയാൾ തമ്പാനൂരിൽ എ.സി. മെക്കാനിക് കോഴ്സ് പഠിച്ചു വരികയായിരുന്നു. മാതാപിതാക്കൾ ഇറ്റലിയിലാണ്.തൊട്ടടുത്ത ദിവസങ്ങളിൽ അടുത്ത സുഹൃത്തുക്കളായ രണ്ട് കൗമാരക്കാരുടെ ജീവനറ്റ ശരീരങ്ങൾ കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് നാടൊന്നാകെ. സംഭവങ്ങളിൽ പോലീസ് സംഘം പ്രാഥമിക നടപടികൾ പൂർത്തിയാക്കി തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.







