ന്യൂഡൽഹി: ഏറെ പുതുമകളോടെയാണ് രാജ്യം ഇന്ന് എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാജ് പഥിൽ നടക്കുന്ന പരേഡിൽ വ്യത്യസ്തത ഏറെയാണ്. ഇത്തവണ വിഐപികൾക്ക് ഇരിപ്പിടം പിൻ നിരയിലാണ്. സെൻട്രൽ വിസ്ത നിർമാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളും കർത്തവ്യപഥ് പരിപാലനച്ചുമതലയുള്ളവരുമാണു പ്രത്യേക ക്ഷണിതാക്കളായി മുൻനിരയിൽ ഇരിക്കുക. ഇവരിൽ പച്ചക്കറി- പലവ്യഞ്ജന വ്യാപാരികളും പാൽ കച്ചവടക്കാരും റിക്ഷക്കാരുമെല്ലാമുണ്ട്.
കൂടാതെ ഒട്ടകസേനയെ നയിച്ച് വനിതകളുടെ സംഘമാണ്. തദ്ദേശീയ നിർമിത പ്രതിരോധ സാമഗ്രികളുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാജ്പഥിനെ കർത്തവ്യപഥ് എന്നു പുനർനാമകരണം ചെയ്തശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനമാണിത്. മാത്രമല്ല രാഷ്ട്രപതിയായി ദ്രൗപദി മുർമുവിനും ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. രാവിലെ 10.30 മുതലാണു പരേഡ്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്തേ അൽ സിസിയാണു മുഖ്യാതിഥി. ഈജിപ്ഷ്യൻ പ്രസിഡന്റ് മുഖ്യാതിഥിയായി എത്തുന്നതും ഇതാദ്യമാണ്.
വജ്ര തോക്ക്, ആകാശും നാഗുമുൾപ്പെടെ മിസൈലുകൾ തുടങ്ങി ഇന്ത്യ തദ്ദേശീയമായി നിർമിച്ച മുഴുവൻ ആയുധങ്ങളും ഇത്തവണ പരേഡിൽ പ്രദർശിപ്പിക്കും. 21 ഗൺ സല്യൂട്ടിന് ഉപയോഗിക്കുന്നതും ഇന്ത്യൻ നിർമിത 105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺ ആണ്. ഇതിലുപയോഗിക്കുന്ന സ്ഫോടക സാമഗ്രികളും തദ്ദേശീയമാണ്.
1976 മുതൽ ഒട്ടകസേന പരേഡിലുണ്ടെങ്കിലും ഇത്തവണ വനിതകൾ നയിക്കുന്ന ഒട്ടകസേനയാകും അണിനിരക്കുക. ബീറ്റിങ് ദ റിട്രീറ്റിൽ നിന്ന് ബോളിവുഡ്, ഇംഗ്ലിഷ് സംഗീതത്തിനു പകരം നാലു രാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ വ്യോമസേനയെത്തുക. ആദ്യ അഗ്നിവീർ സംഘം, ഈജിപ്ഷ്യൻ മിലിറ്ററി കണ്ടിൻജെന്റ് എന്നിവയാണ് മറ്റൊരു സവിശേഷത. സ്ത്രീ ശക്തി വിളംബരം ചെയ്യാൻ 144 നാവികരുടെ സംഘത്തെ വനിത നയിക്കും.
വിജയ് ചൗക്കിൽ നിന്ന് ചെങ്കോട്ട വരെയുള്ള മുഴുവൻ ദൂരവുമുണ്ടാകും ഇത്തവണ പരേഡ്. കൊവിഡ് മൂലം രണ്ടു വർഷമായി ഇതു വെട്ടിക്കുറച്ചിരുന്നു. ഒമ്പതു റഫാലുകൾ ഉൾപ്പെടെ 44 വിമാനങ്ങൾ ഫ്ലൈ പാസ്റ്റിൽ പങ്കെടുക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതാദ്യമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ടാബ്ലോയും പരേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.