ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് നാളെ ജയില്‍ മോചിതനാകും. കോടതി റിലീസിങ് ഓര്‍ഡര്‍ ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റുനടപടികളും പൂര്‍ത്തിയായി. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകുന്നത്.
നേരത്തേ യുപി പൊലീസിന്റെ കേസില്‍ വെരിഫെക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. അവസാന ഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ലഖ്നൗ ജയിലിലേക്ക് കോടതി റിലീസിങ് ഓര്‍ഡര്‍ അയച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്. ഡിസംബറില്‍ അലഹാബാദ് ഹൈക്കോടതി ഇഡി കേസിലും ജാമ്യം നല്കി.
ഹാഥ്റസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാപ്പന് 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപിയില്‍ അറസ്റ്റിലായത്.