കണ്ണൂർ: കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠി എത്തിയതോടെയാണ് കേസിൽ വഴിത്തിരിവായത്. റിയയുടെ മരണത്തിൽ ഉത്തരവാദി അധ്യാപികയാണെന്ന് സഹപാഠി ആരോപിച്ചു. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചിരുന്നെന്നും പിഴയായി 25000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൽ മനംനൊന്താണ് റിയ ആത്മഹത്യ ചെയ്തതെന്ന് കുട്ടി മൊഴി നൽകി.
പെരഴശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർഥിനിയായ റിയ (13) പ്രവീൺ ആണ് ആധ്യാപികയുടെയും സഹപാഠിയുടെയും പേരിൽ ആത്മഹത്യക്കുറിപ്പെഴുതി ജീവനൊടുക്കിയത്. കിടപ്പു മുറിയിലെ ജനാലയിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. അധ്യാപിക ശകാരിച്ചതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധ്യാപികയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.