കഴക്കൂട്ടം: ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാസ്തവട്ടം ഷാജി (58) ക്കും സുഹൃത്ത് ജയനും(58) കാറിടിച്ച് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 6.15ന് ചന്തവിള യുപി സ്കൂളിനു സമീപത്തായിരുന്നു അപകടം. സമീപത്തെ കടയിൽ നിന്നും ചായ കുടിച്ചതിനു ശേഷം അവിടെയുണ്ടായിരുന്ന സുഹൃത്ത് ജയനുമായി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ പോയ കാറാണ് ബൈക്കിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു ചോരവാർന്നു കിടന്ന ഇരുവരെയും അതുവഴി വന്ന കഴക്കൂട്ടം പോലീസാണു രക്ഷാപ്രവർത്തനം നടത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആംബുലൻസ് എത്താൻ അര മണിക്കൂർ വരെ വൈകിയെന്നും അതുവരെ ഇരുവരും റോഡിൽ രക്തം വാർന്ന് കിടന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. അപകടം നടന്നത് പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. അവിടുന്ന് പോലീസെത്താൻ വൈകി.
രണ്ടു ആംബുലൻസുകളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസ് ഡ്രൈവർമാർ ഇരുവരെയും ‘അൺ നോൺ’ ആയി ആശുപത്രിയിലെ സ്ട്രക്ചറിൽ കിടത്തിയിട്ട് പോവുകയാണുണ്ടായത്. രോഗികൾക്കൊപ്പം മറ്റാരും ഇല്ലാതിരുന്നതിനാൽ അവിടെയും ചികിത്സ വൈകുകയായിരുന്നു.
മെഡിക്കൽ കോളേജ് കാഷ്വാലിറ്റി ഒരു ട്രോമാകെയർ സെന്റർ കൂടിയാണെങ്കിലും അവിടെ നിന്നും അടിയന്തിരമായി ലഭിക്കേണ്ട പ്രാഥമികമായ രക്ഷാപ്രവർത്തനം പോലും ലഭിച്ചില്ല. അപകട വിവരമറിഞ്ഞ് പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തിയശേഷമാണ് ചികിത്സ ലഭ്യമായി തുടങ്ങിയത്.
ശാസ്തവട്ടം ഷാജിയുടെ രണ്ടു തുടയെല്ലുകളും പൊട്ടി. പുറമെ ദേഹമാസകലം പരിക്കുകളുണ്ട്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. തുടർന്ന് മൾട്ടി-സ്പെഷ്യാലിറ്റി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ഷാജി. ഒപ്പമുണ്ടായിരുന്ന ചന്തവിള കിഷോർ ഭവനിൽ ജയൻ്റെ ഇടത് കാലിനും കൈയ്ക്കും പൊട്ടലുണ്ട്. ഇദ്ദേഹത്തെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്.