കോഴിക്കോട്: കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം. ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിലാണ് സമരം. രാവിടെ 6 മുതൽ വൈകീട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ അത്യാഹിത വിഭാഗം സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഐ.എം.എ അറിയിച്ചു. സംഭവത്തിൽ ഇന്നലെ 6 പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഇന്നലെ മർദ്ദനമേറ്റത് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗവ വിദഗ്ധനായ പി. കെ അശോകനാണ്. സിടി സ്കാന്‍ റിപ്പോർട്ട് ലഭിക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു മർദ്ദനം.
രോഗിയുടെ കൂട്ടിരിപ്പുകാർ ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും തകർത്തു. സംഭവത്തിൽ ബന്ധുക്കളെ അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.