തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പോലീസ് നടത്തുന്ന റെയ്ഡ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി അറിയിച്ചു.
ഈ നടപടി ഭരണകൂട ഭീകരതയും വൈരാഗ്യ ബുദ്ധിയോടെയുള്ളതുമാണ്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാർത്തകളോടുള്ള അസഹിഷ്ണുതയാണിത്. ലഹരിക്കെതിരായ വാർത്തയിൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ അസ്വസ്ഥതയാണ് കാരണം. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ചാർജ് ചെയ്ത കള്ളക്കേസിൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ പ്രകാരം കോടതി ഉത്തരവില്ലാതെ റെയ്ഡ് നടത്താൻ ആര് ഉത്തരവിട്ടെന്ന് ഡിജിപി വ്യക്തമാക്കണം.
ഏഷ്യാനെറ്റ് ന്യൂസിനെതിരായി കുറേക്കാലമായി സർക്കാർ നടത്തുന്ന നീക്കം ഒറ്റപ്പെട്ട സംഭവമല്ല. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ജനാധിപത്യ ധ്വംസനത്തിൻ്റെ മകുടോദാഹരണമാണ്. തങ്ങൾക്കെതിരെ പറയുന്നവരെ ഭയപ്പെടുത്തി വിരട്ടാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ മാധ്യമ സമൂഹവും ജനാധിപത്യ കേരളവും ഏഷ്യാനെറ്റ് ന്യൂസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്തെ ഡി ജി പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.