ഡൽഹി: 2023ലെ ഏറ്റവും ശക്തരായ നൂറ് ഇന്ത്യക്കാരുടെ പട്ടിക പുറത്ത്. രാജ്യത്തെ രാഷ്ട്രീയം, വ്യവസായം, കല, കായികം, സിനിമ തുടങ്ങി സകല മേഖലകളെയും പ്രത്യേകം വിലയിരുത്തി ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പാണ് പട്ടിക തയ്യാറാക്കിയത്.
എന്‍ഡിഎ സഖ്യത്തെ തുടര്‍ന്നും തെരഞ്ഞെടുപ്പിലേക്ക് നയിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നൂറ് പേരുടെ പട്ടികയില്‍ ഒന്നാമന്‍. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് തൊട്ടുപിന്നാലെയുള്ളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പട്ടികയില്‍ പതിനഞ്ചാമതുണ്ട്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അരവിന്ദ് കേജ്രിവാള്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, എം.കെ.സ്റ്റാലിന്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടുന്നു.
ശക്തരായ നൂറ് ഇന്ത്യക്കാരില്‍ മലയാളി സാന്നിധ്യമായി ആകെ നാല് പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എം.പി, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുടങ്ങിയവരാണിവര്‍. ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിലുള്ള നിര്‍ണ്ണായക പങ്ക്, ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ക്കിടയിലെ സ്വാധീനം, എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം തുടങ്ങിയവയാണ് ശക്തരുടെ പട്ടികയില്‍ യൂസഫലി ഉള്‍പ്പെടാനുള്ള കാരണം. ലോകത്തെ ലുലു ഗ്രൂപ്പിന്‍റെ വിജയഗാഥയ്ക്കൊപ്പെം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ ക്ഷേമത്തിനായുള്ള സജീവ ഇടപെടലുകളും, സഹായ പദ്ധതികളും യൂസഫലിയെ ശ്രദ്ധേയനാക്കിയെന്ന് പട്ടിക വിലയിരുത്തുന്നു.
നൂറ് പേരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ബിസിനസ് രംഗത്ത് നിന്നുള്ളതെന്നതും ശ്രദ്ധേയമാണ്. മുകേഷ് അംബാനി, ഗൗതം അദാനി, സുനില്‍ ഭാരതി മിത്തല്‍, കുമാര്‍ മംഗളം ബിര്‍ള, സജ്ജന്‍ ജിന്‍ഡല്‍, എം.എ യൂസഫലി തുടങ്ങിയവരാണ് ബിസിനസ് രംഗത്തെ ശക്തര്‍ എന്ന് പട്ടിക സാക്ഷ്യപ്പെടുത്തുന്നു. 2022ലെ പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്ന അദാനി, നിലവിലെ പ്രതിസന്ധികള്‍ തിരിച്ചടിയായതോടെ ഇത്തവണ 33 ആം സ്ഥാനത്താണ്.