ഭുവനേശ്വർ : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളികൾ. സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജീഷ് എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ബാലസോറിൽ വെച്ച് അപകടമുണ്ടായി. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരൺ പറഞ്ഞു. ട്രെയിൻ പാളം തെറ്റിയതോടെ മറിഞ്ഞ ബോഗിയുടെ ഇരു വശത്തേക്കുമായി നാലും പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് പുറത്തു കടന്നത്. അൽപ്പ സമയത്തിനു ശേഷമാണ് നാലു പേരും പരസ്പരം കാണുന്നതു പോലും.
‘കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അപയം തേടി ‘. അതിന് ശേഷം ആശുപത്രിയിലെത്തി അഡ്മിറ്റായെന്നും രക്ഷപ്പെട്ട കിരൺ വ്യക്തമാക്കി.