ഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ്സ് ഇനി കാവി നിറത്തിൽ. വന്ദേ ഭാരത് എക്സ്പ്രസിന്റെ 28ാമത് തീവണ്ടി കാവി നിറത്തിലായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിറം മാറി എത്തിയ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഓടിതുടങ്ങിയിട്ടില്ല. എന്നാൽ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്നുള്ള ട്രെയിനിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
25 സര്‍വിസുകളാണ് വന്ദേ ഭാരത് നിലവില്‍ നടത്തുന്നത്. തദ്ദേശീയ തീവണ്ടിയുടെ 28ാം റേക്കിന്റെ പുതിയ നിറം ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പരിശോധനയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്ര മന്ത്രി ശനിയാഴ്ച ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സന്ദര്‍ശിച്ച് ദക്ഷിണ റെയില്‍വേയിലെ സുരക്ഷാ നടപടികള്‍ അവലോകനം ചെയ്തു.