ട്വിറ്ററിന്റെ പേരും ലോഗോയുമടക്കം മാറ്റിയതായി ഇലോണ്‍ മസ്കിന്റെ ഔദ്യോഗിക പ്രഖ്യാപനം. കുറച്ച് കാലമായി സൂചിപ്പിച്ചു കൊണ്ടിരിക്കുന്ന ‘എവെരിതിംഗ് ആപ്പ്’ ആയ X-ലേക്ക് ഉടൻ തന്നെ ട്വിറ്റർ റീബ്രാൻഡ് ചെയ്യുമെന്നാണ് പ്രഖ്യാപനം.
വർഷങ്ങളായി ട്വിറ്ററിന്റെ മുഖമായി മാറിയ ഐക്കോണിക് ‘ബ്ലൂ ബേർഡ്’ ലോഗോയോട് വിടപറയാൻ തയ്യാറെടുക്കാൻ ട്വിറ്റർ ഉടമ ദശലക്ഷക്കണക്കിന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉൾപ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും. ടിറ്ററിന്റെ കിളി ലോഗോ മാറ്റി പകരം ‘എക്സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. “ഉടൻ തന്നെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോടും, ക്രമേണ എല്ലാ പക്ഷികളോടും വിടപറയും”എന്നാണ് മസ്‌ക് ഞായറാഴ്‌ച രാവിലെ ഒരു ട്വീറ്റിലൂടെ അറിയിച്ചത്.
ഇതിനകം തന്നെ ട്വിറ്റർ വലിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. X.com എന്ന ഡൊമെയ്‌ൻ ട്വിറ്ററിലേക്ക് റീഡയറക്‌ട് ചെയ്യുന്നുവെന്ന് മസ്‌ക് വെളിപ്പെടുത്തി. ബ്ലൂ ബേർഡിന് പകരം വരുന്ന പുതിയ ലോഗോയെക്കുറിച്ചും അദ്ദേഹം സൂചന നൽകി.