ചേർത്തല: ഓടിച്ചുകൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ ഓടിച്ചിരുന്ന സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണിച്ചു കുളങ്ങര – ചെത്തി റോഡിൽ പടവൂർ ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിരാ വിഘ്നേശ്വരന്റെ കാറാണ് കത്തി നശിച്ചത്.
പൊക്ലാശേരിയിലെ കുടുംബവീട്ടിൽ നിന്നു മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുന്നത് കണ്ട ഇന്ദിര ഉടൻ തന്നെ കാർ നിർത്തി പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടർന്നു കാർ പൂർണ്ണമായും കത്തി നശിച്ചു. 10 വർഷം പഴക്കമുള്ളതാണ് കാർ.
ചേർത്തലയിൽ നിന്നും അഗ്നി രക്ഷാസേനയും മാരാരിക്കുളത്തുനിന്നും പോലീസും സ്ഥലത്തെത്തി.കാർ ഇന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമേ തീ പിടിച്ചതിന്റെ കാരണം കണ്ടെത്താനാകുവെന്ന് പോലീസ് അറിയിച്ചു.