തിരുവനന്തപുരം: ഓണത്തെ വരവേൽക്കാൻ കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കരകുളം കർണിവൽ 2023’ ന് ആവേശകരമായ സമാപനം. സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. കരകുളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 11 ദിവസം നീണ്ട് നിന്ന ആഘോഷ പരിപാടികൾ അരങ്ങേറിയതെന്ന് മന്ത്രി പറഞ്ഞു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപാരത്തിന്റെയും സംഗമമായിരുന്നു കരകുളം കാർണിവൽ. കാർണിവല്ലിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കുടുംബശ്രീ പ്രവർത്തകരെ മന്ത്രി അനുമോദിച്ചു.
ആഗസ്റ്റ് 14 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് മേളക്ക് തുടക്കമായത്. വിവിധ കലാപരിപാടികളും സെമിനാറുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.15 മുതൽ നടന്ന വിവിധ സെമിനാറുകളിൽ മന്ത്രിമാരായ പി.പ്രസാദ്, വി.അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച പെറ്റ് ആൻഡ് അക്വാ ഷോയും വിവിധ വ്യാപാര വിപണന സ്റ്റാളുകളും ജനശ്രദ്ധ നേടി.
കരകുളം എസ്.സി.ബി കൺവെൻഷൻ സെന്റർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി, സി.ഡി.എസ് ചെയർപേഴ്സൺ എസ്. സുകുമാരി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജികുമാർ. ബി തുടങ്ങിയവർ പങ്കെടുത്തു.