കോട്ടയം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി53 വർഷം പ്രതിനിധീകരിച്ച പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. ഫലം നാളെ പ്രഖ്യാപിക്കാൻ ഇരിക്കെ എല്ലാ മുന്നണികളും വിജയ പ്രതീക്ഷയിലാണ്.
സഹതാപ തരംഗം വോട്ട് ആയി മാറുമെന്നും ചാണ്ടി ഉമ്മന് ജയം ഉറപ്പാണെന്നും യു.ഡി.എഫ് കരുതുന്നു സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതു പക്ഷവും സ്ഥാനാർഥി ജയിക്ക് തോമസും ഉള്ളത്. കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ നിരത്തി ബി.ജെ.പി സ്ഥാനാർഥി ലിജിൻ ലാലും വിജയ പ്രതീക്ഷയിലാണ്
കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തിൽ നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി. ആർ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.