തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രൂപീകരണത്തിന് ശേഷം മാനസിക സംഘര്‍ഷമുണ്ടായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
”പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഒട്ടേറെ അവസരങ്ങള്‍ തന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തുടങ്ങിയവ പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ഞാന്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ പ്രത്യേക പദവികളില്ല. പ്രതിപക്ഷ നേതാവു സ്ഥാനത്തു നിന്നും മാറിയതിനു ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കു വേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളുമായാണു മുന്നോട്ട് പോയത്. പറയാനുള്ളതു ഹൈക്കമാന്‍ഡിനെ അറിയിക്കും.16നു ചേരുന്ന പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ട് പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയിലേക്ക് വീണ്ടും നിയോഗിക്കപ്പെട്ടപ്പോള്‍ ഒരു അസ്വാഭാവികത തോന്നി എന്നത് വസ്തുതയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കുകയുണ്ടായി. വ്യക്തിപരമായ ഉയര്‍ച്ചത്താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് അതിലൂടെ ബോധ്യപ്പെട്ടു. ഏറ്റവും വലുത് എന്റെ പാര്‍ട്ടിയാണ്. ഒരിക്കലും പാര്‍ട്ടിവിട്ട് പോകുകയും പാര്‍ട്ടിയെ തള്ളപ്പറയുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.