തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണശേഷവും അദ്ദേഹത്തിന്‍റെ ഓർമകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അതു തുടരുന്നതെന്നു മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ ‘ഉമ്മൻ ചാണ്ടി’ക്കുണ്ടായ മഹാവിജയം.
പുതുപ്പള്ളിയിലെ പരാജയത്തിന്‍റെ പക തീർക്കലാണ് രാഷ്‌ട്രീയത്തിൽ പോലുമില്ലാത്ത തനിക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.