തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി കേരള പോലീസ്. ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്.
ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാരാണ്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.