തിരുവനന്തപുരം: കഴിഞ്ഞ മാസം മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി.സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്.അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു മടങ്ങിയത്.
തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു.ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നുറപ്പു നൽകിയാണ് മന്ത്രിമാർ അന്നു ബോണക്കാടുനിന്നും മടങ്ങിയത്.ദിവസങ്ങൾക്കു ശേഷം ആ വാക്ക് കൃത്യമായും പാലിയ്ക്കപ്പെട്ടു.
ബോണക്കാടു നിവാസികളിൽ ആവേശം നിറച്ച് അവരുടെ സ്വന്തം സ്‌റ്റേ ബസ് വീണ്ടുമെത്തി.ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രക്ക് പുലർച്ചെ ആറരക്ക് പച്ചക്കൊടി വീശാൻ ജി.സ്റ്റീഫൻ എം എൽ എ തന്നെയെത്തി.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത,മറ്റു ജനപ്രതിനിധികൾ,നാട്ടുകാർ എന്നിവരും ചടങ്ങിൽ എം എൽ എ ക്കൊപ്പം സന്തോഷത്തിൽ പങ്കാളികളാകാനുമെത്തി.