തിരുവനന്തപുരം: കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത തീവ്ര മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനില്‍ വെള്ളം കയറുകയും സബ്സ്റ്റേഷന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തിരുന്നു.
ഭാവിയിൽ, കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനിൽ ഇത്തരം വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ കെ എസ് ഇ ബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വൈദ്യുതി വകുപ്പ് മന്ത്രി ചർച്ച ചെയ്യുകയുണ്ടായി. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ജല വിഭവ വകുപ്പുമായും, ടെക്‌നോപാർക്ക് അധികാരികളുമായും ബന്ധപ്പെട്ട്, സംയുക്തമായി സ്ഥല പരിശോധന നടത്തി, അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.